ഡിജിറ്റല്‍ മലയാളത്തിന്റെ നട്ടെല്ലായി പരിണമിച്ച മലയാളം വിക്കിപീഡിയ ആരംഭിച്ചിട്ട് ഇന്ന് 10 വര്‍ഷം തികയുന്നു
തിരുവനന്തപുരത്ത് കഴിഞ്ഞ നവംബര്‍ ആദ്യം അരങ്ങേറിയ വിശ്വമലയാള മഹോത്സവത്തെക്കുറിച്ച് ഒട്ടേറെ പരാതികളും ആക്ഷേപങ്ങളും ഉയര്‍ന്നതില്‍, അധികമാരുടെയും ശ്രദ്ധയാകര്‍ഷിക്കാതെ പോയ ഒരേണ്ണമുണ്ടായിരുന്നു. മലയാളത്തിനായി നടന്ന വിശ്വമഹോത്സവത്തില്‍ മലയാളം വിക്കിപീഡിയ പ്രവര്‍ത്തകരെ അവഗണിച്ചു എന്നതായിരുന്നു അത്. വിക്കിപീഡിയയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ സാധാരണഗതിയില്‍ 'അജ്ഞാതരാണ്'. അതിനാല്‍, പരാതിയുമായി ആരും നേരിട്ട് രംഗത്തെത്തുകയോ പ്രതിഷേധം മുഴക്കുകയോ ചെയ്തില്ല.
വിശ്വമലയാള മഹോത്സവത്തിന് മുന്നോടിയായി അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് സംസ്ഥാന സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഇങ്ങനെ പറയുന്നു : 'സര്‍ഗാത്മക സാഹിത്യരംഗത്ത് നമ്മുടെ എഴുത്തുകാരുടെ സംഭാവനകള്‍ ലോകത്തിലെ മറ്റേതൊരു ഭാഷയോടും കിടപിടിക്കാന്‍ കഴിയുന്നതാണ്. അതേസമയം, വൈജ്ഞാനിക മേഖലയിലെ അറിവുകള്‍ പ്രകാശിപ്പിക്കാന്‍ കഴിയുന്ന രീതിയിലുള്ള ആധുനീകരണം ഭാഷയില്‍ സംഭവിച്ചിട്ടില്ല എന്ന വസ്തുത അംഗീകരിച്ചേ പറ്റൂ. സര്‍ഗ്ഗാത്മകതയും വൈജ്ഞാനികതയും ഒരുപോലെ വളരുമ്പോള്‍ മാത്രമേ ഭാഷ കാലാനുസൃതമായി നവീകരിക്കപ്പെടുുള്ളൂ'.
മന്ത്രി സൂചിപ്പിച്ച രീതിയില്‍, മലയാള ഭാഷയെ കാലാനുസൃതമായി നവീകരിക്കുകയെന്നത് പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നുവെങ്കില്‍, വിശ്വമലയാള മഹോത്സവത്തിലേക്ക് ആദ്യം ക്ഷണിച്ച മഹത് വ്യക്തിത്വങ്ങള്‍ക്കൊപ്പം 'ആരുമല്ലാത്ത' വിക്കി പ്രവര്‍ത്തകരും ഉണ്ടാകണമായിരുന്നു. കാരണം, ഒരു ഭാഷയെന്ന നിലയില്‍ മലയാളത്തിന്റെ ഭാവി അടയാളപ്പെടുത്തുന്ന മഹത്തായ സംരംഭങ്ങളിലൊന്നാണ് മലയാളം വിക്കിപീഡിയ - ഒരുപക്ഷേ, സമാനതകളില്ലാത്ത ഒന്ന്. വിജ്ഞാനവിനിമയത്തിന്റെയും ഭാഷാപ്രവര്‍ത്തനത്തിന്റെയും ആണിക്കല്ലായി ഡിജിറ്റല്‍ലോകം പരിണമിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത്, മലയാളഭാഷയുടെ ഏറ്റവും വലിയ ഡിജിറ്റല്‍ സാന്നിധ്യമാണ് മലയാളം വിക്കിപീഡിയ.
ആ സാന്നിധ്യം ഇന്റര്‍നെറ്റില്‍ പിറന്നിട്ട് പത്തുവര്‍ഷം തികയുന്ന സമയം കൂടിയാണിത്. ആ നിലയ്ക്ക് വിക്കിപീഡിയ പ്രവര്‍ത്തകരെക്കൂടി സഹകരിപ്പിച്ചിരുന്നുവെങ്കില്‍, മലയാളത്തിനായുള്ള വിശ്വമഹോത്സവം അതിന്റെ പേര് സ്വാര്‍ഥകമാക്കുമായിരുന്നു. പക്ഷേ, അത് സംഭവിച്ചില്ല.
മലയാളഭാഷയുടെ ഭാവിയെക്കുറിച്ച് ഏറെ പ്രതീക്ഷകളും ആശങ്കകളും ഉയരുന്ന വേളയാണിത്. വിശ്വമലയാള മഹോത്സവം, മലയാള സര്‍വകലാശാലയുടെ ഉദ്ഘാടനം എന്നിങ്ങനെ മാതൃഭാഷയുടെ പ്രോത്സാഹനത്തിന് ഔദ്യോഗികമായി തന്നെ നടപടികളുണ്ടാകുന്നത് തീര്‍ച്ചയായും പ്രതീക്ഷയേകുന്നു. ഡിജിറ്റല്‍ മലയാളത്തിന്റെ പതാകവാഹകരായ മലയാളം വിക്കിപീഡിയക്ക് പത്ത് വയസ്സ് തികയുന്നത് അത്തരമൊരു വേളയിലാണ് എന്നകാര്യം ശ്രദ്ധയര്‍ഹിക്കുന്നു.
ഏത് ഭാഷയുടെയും ആരോഗ്യകരമായ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും അത്യാവശ്യം ചില ഘടകങ്ങള്‍ കൂടിയേ തീരൂ. നല്ലൊരു വിഭാഗം ജനങ്ങള്‍ ആശയവിനിമയത്തിനും ആത്മപ്രകാശനത്തിനും ഉപയോഗിക്കുന്നതാവണം അത്. എല്ലാത്തരം വിവരങ്ങളും അതിലൂടെ വിനിമയം ചെയ്യപ്പെടണം. 'വൈജ്ഞാനിക മേഖലയിലെ അറിവുകള്‍ പ്രകാശിപ്പിക്കാന്‍ കഴിയുന്ന രീതിയിലുള്ള ആധുനീകരണം ഭാഷയില്‍ സംഭവിച്ചിട്ടില്ല' എന്ന് വിലപിക്കുകയല്ല വേണ്ടത്, അതിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കണം.
ഇരുപത്തിയൊന്നാംനൂറ്റാണ്ടില്‍ മലയാളത്തിന് സംഭവിക്കുന്ന മാറ്റം പരിശോധിച്ചാല്‍ ഒരുകാര്യം വ്യക്തമാകും - മലയാളത്തില്‍ എഴുത്തും വായനയും വര്‍ധിച്ചിരിക്കുന്നു. അതുപക്ഷേ, പരമ്പരാഗതമായ രീതിയിലല്ല എന്നുമാത്രം. ഇന്റര്‍നെറ്റ് ഒരുക്കിത്തരുന്ന പുത്തന്‍ മാധ്യമസാധ്യതകളാണ് മലയാളത്തിന് പുത്തനുണര്‍വ് നല്‍കിയിരിക്കുന്നത്. 'വായന മരിക്കുന്നു', 'മലയാളത്തിന് ഭാവിയില്ല' എന്നൊക്കെയുളള വിലാപങ്ങള്‍ ഒരുവശത്ത് ഉയരുമ്പോഴാണ്, മറുവശത്ത് ഇത്തരമൊരു ചിത്രം തെളിയുന്നത്. പുതിയ കാലം ആവശ്യപ്പെടുന്ന മാറ്റമാണ് വായനയിലും എഴുത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് നമ്മള്‍ തിരിച്ചറിഞ്ഞേ തീരൂ.
വിവരങ്ങള്‍ തേടുന്നവര്‍ക്ക് മുന്നിലെ ആദ്യ ആശ്രയമാണ് ഇന്റര്‍നെറ്റ്. മലയാളത്തില്‍ വിവരങ്ങള്‍ തേടുന്നവര്‍ക്കും ഇന്റര്‍നെറ്റ് അത്താണിയാകണം. എങ്കിലേ ഇനി മലയാളം നിലനില്പുള്ളൂ. എന്നുവെച്ചാല്‍, ആവശ്യമുള്ള വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ മലയാളത്തില്‍ ലഭ്യമാകണം. അതെങ്ങനെ സാധിക്കുമെന്നാണ്, ഒരര്‍ഥത്തില്‍ മലയാളം വിക്കിപീഡിയ കാട്ടിത്തരുന്നത്. എന്തുകൊണ്ട് വിശ്വമലയാള മഹോത്സവത്തിലേക്ക് ആദ്യം ക്ഷണിക്കേണ്ടിയിരുന്നുവരില്‍ മലയാളം വിക്കിപീഡിയ പ്രവര്‍ത്തകരും ഉള്‍പ്പടുന്നു എന്ന് ഇത് വ്യക്തമാക്കുന്നു.
ആര്‍ക്കും വിവരങ്ങള്‍ ചേര്‍ക്കാവുന്ന, ആര്‍ക്കും തിരുത്താവുന്ന, ആര്‍ക്കും സൗജന്യമായി ഉപയോഗിക്കാവുന്ന, ആരുടെയും സ്വന്തമല്ലാത്ത, എന്നാല്‍ എല്ലാവര്‍ക്കും സ്വന്തമായ, സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശമാണ് വിക്കിപീഡിയ. വിജ്ഞാനം സ്വതന്ത്രമായിരിക്കണം എന്ന കാഴ്ചപ്പാടാണ് ആ സംരംഭത്തെ മുന്നോട്ട് നയിക്കുന്നത്. ജിമ്മി വെയ്ല്‍സും ലാറി സേഞ്ചറും ചേര്‍ന്ന് 2001 ജനവരി 15 ന് വിക്കിപീഡിയ ആരംഭിച്ചു. അത് ഇംഗ്ലീഷിലായിരുന്നു (കാണുക: ഡിജിറ്റല്‍ ജനാധിപത്യത്തിന്റെ പത്തുവര്‍ഷങ്ങള്‍). അതിന്റെ തുടര്‍ച്ചയായി മറ്റനേകം ലോകഭാഷകളിലും വിക്കിപതിപ്പുകള്‍ പ്രത്യക്ഷപ്പെട്ടു. നിലവില്‍ മലയാളം ഉള്‍പ്പടെ 185 ലേറെ ലോകഭാഷകളില്‍ വിക്കിപീഡിയ പ്രവര്‍ത്തിക്കുന്നു.
മാതൃസംരംഭത്തിന്റെ ചുവടുപിടിച്ച് 2002 ഡിസംബര്‍ 21 നായിരുന്നു മലയാളം വിക്കിപീഡിയയുടെ തുടക്കം. ഇന്ന് നമ്മള്‍ കാണുന്ന മലയാളം വിക്കിപീഡിയയുടെ ആദ്യ താള്‍ സൃഷ്ടിക്കപ്പെട്ടത് അന്നായിരുന്നു. 'മലയാളം അക്ഷരമാല'യായിരുന്നു ആദ്യ ലേഖനം. പത്തുവര്‍ഷംകൊണ്ട് 27,000 ലേറെ ലേഖനങ്ങളുള്ള വലിയൊരു വിവരശേഖരമായി മലയാളം വിക്കി വളര്‍ന്നിരിക്കുന്നു. നിലവില്‍ പ്രതിമാസം 27 ലക്ഷം പേജ് വ്യൂ ഉള്ള സൈറ്റാണ് മലയാളം വിക്കിപീഡിയ (www.ml.wikipedia.org).
രണ്ടുവര്‍ഷം മുമ്പ് മലയാളം വിക്കിപീഡിയയില്‍ ലേഖനങ്ങളുടെ എണ്ണം 15,000 ആയിരുന്നുവെന്നും, ആ സൈറ്റിന്റെ പേജ് വ്യൂ 14 ലക്ഷം ആയിരുന്നു എന്നുമറിയുമ്പോള്‍, മലയാളഭാഷയ്ക്ക് ഡിജിറ്റല്‍ വിലാസം ഉണ്ടാക്കാന്‍ നടക്കുന്ന ആ സംരംഭത്തിന് സ്വീകാര്യത വര്‍ധിക്കുകയാണെന്ന് വ്യക്തമാകുന്നു.
ഇന്ത്യന്‍ ഭാഷകളില്‍ ലേഖനങ്ങളുടെ എണ്ണത്തില്‍ മലയാളം വിക്കിപീഡിയ ആറാംസ്ഥാനത്താണ്. എന്നാല്‍, ലേഖനങ്ങളുടെ ഗുണമേന്‍മയുടെയും തിരുത്തല്‍നിരക്കിന്റെയും സജീവ അംഗങ്ങളുടെയുമെല്ലാം കാര്യത്തില്‍ ഇന്ത്യയില്‍ ഒന്നാമതാണ് മലയാളം വിക്കി.
ഈ സംരംഭത്തിലെ ഏറ്റവും ശ്രദ്ധേയമായ സംഗതി, പ്രതിഫലം പോയിട്ട് സ്വന്തം പേരുപോലും പുറത്തറിയാന്‍ ആഗ്രഹിക്കാത്ത ഒരുകൂട്ടം 'അജ്ഞാതരാ'ണ് മലയാളം വിക്കിയെ ഈ നിലയ്ക്ക് വളര്‍ത്തിയത് എന്നതാണ്. ഒരുപക്ഷേ, ഇന്റര്‍നെറ്റ് മുന്നോട്ടുവെയ്ക്കുന്ന സഹകരണത്തിന്റെ പുത്തന്‍ സാധ്യതകള്‍ ഇത്രയേരെ അനുഗ്രഹമാകുന്ന വേറെ സംരംഭങ്ങള്‍ അധികം ഉണ്ടാകില്ല. പത്തുവര്‍ഷത്തിനിടെ 37,000 ലേറെപ്പേര്‍ മലയാളം വിക്കിയില്‍ അംഗത്വമെടുത്തു എന്നാണ് കണക്ക്. അംഗത്വമെടുത്തു എന്നല്ലാതെ അതില്‍ മഹാഭൂരിപക്ഷവും മറ്റെന്തെങ്കിലും പ്രവര്‍ത്തനം വിക്കിക്കായി നടത്തിയിട്ടില്ല. ഏതാണ്ട് 110 പേരാണ് നിലവില്‍ മലയാളം വിക്കിപീഡിയയില്‍ സജീവമായി വിവരങ്ങള്‍ ചേര്‍ക്കുന്നതും തിരുത്തലുകള്‍ നടത്തുന്നതും.
മലയാളം വിക്കിപീഡിയയില്‍ പത്തുവര്‍ഷംകൊണ്ട് 16 ലക്ഷത്തിലേറെ തിരുത്തലുകള്‍ നടന്നു എന്നാണ് വിക്കി പ്രവര്‍ത്തകര്‍ നല്‍കുന്ന കണക്ക്. ഇപ്പോള്‍ പ്രതിമാസം ശരാശരി 20,000 തിരുത്തലുകള്‍ വീതം നടക്കുന്നു. ആയിരത്തിലേറെ തവണ തിരുത്തലുകള്‍ നടന്ന ലേഖനങ്ങള്‍ പോലും മലയാളം വിക്കിപീഡിയയിലുണ്ട്. 'മദീന' (1582 തവണ), 'സൗദി അറേബ്യ' (1348), 'കേരളം' (1096), 'യഹോവയുടെ സാക്ഷികള്‍' (1094) എന്നിവ ആ ഗണത്തില്‍ പെടുന്നു (ഡിസംബര്‍ 17 ലെ കണക്ക്). സജീവമായി രംഗത്തുള്ള 110 പേരാണ് തിരുത്തലുകളില്‍ നല്ലൊരു പങ്കിന് കാരണക്കാര്‍. അതില്‍ ഏഴ് വയസുള്ള രണ്ടാംക്ലാസ് വിദ്യാര്‍ഥി മുതല്‍ 72 വയസുള്ള വിമുക്ത ഭടന്‍ വരെയുണ്ട്! പൊതുവെ, 20-40 പ്രായപരിധിയിലുള്ളവരാണ് വിക്കിയില്‍ സജീവമായ ഭൂരിപക്ഷവും. അവരില്‍ കൂടുതല്‍ പേരും കേരളത്തിന് പുറത്ത് ഇന്ത്യയുടെ ഇതരഭാഗങ്ങളിലും വിദേശത്തുമുള്ള മലയാളികളാണ്.
പേരോ പ്രശസ്തിയോ ആഗ്രഹിക്കാതെ, മലയാളഭാഷയുടെ വളര്‍ച്ചയ്ക്കും, ഓണ്‍ലൈന്‍ പ്രവര്‍ത്തനം മലയാളത്തില്‍ ശക്തിപ്പെടുത്താനും ആണ് വിക്കിപീഡിയ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. എങ്കിലും, മലയാളം വിക്കിപീഡിയ പത്തുവര്‍ഷം തികയ്ക്കുന്ന വേളയില്‍ രണ്ടുപേരെ കുറിച്ച് പരാമര്‍ശിക്കാതിരിക്കുന്നത് ശരിയല്ല. വിനോദ് എം.പ്രഭാകരനും, മന്‍ജിത് കൈനിക്കരയും ആണത്.
പത്തുവര്‍ഷം മുമ്പ് കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ മലയാളം അക്ഷരങ്ങള്‍ ശരിയായി പ്രത്യക്ഷപ്പെടാന്‍ പോലും വലിയ സാങ്കേതികസാഹസങ്ങള്‍ വേണ്ടിയിരുന്ന ഒരു കാലത്ത്, അത്തരം വെല്ലുവിളികളെ അവഗണിച്ച് മലയാളം വിക്കിപീഡിയയ്ക്ക് തുടക്കംകുറിച്ചത് വിനോദ് എം.പ്രഭാകരനാണ്. ഏകനായി താന്‍ ആ സംരംഭം ആരംഭിച്ച കാര്യവും, അധികമാരുടെയും സഹായമില്ലാഞ്ഞിട്ടും പ്രതീക്ഷയോടെ അത് ആദ്യകാലത്ത് കൊണ്ടുനടന്നതും അദ്ദേഹം ഓര്‍ക്കുന്നു
സാങ്കേതികമായ അസംഖ്യം പരിമിതികളുടെ നടുവില്‍നിന്ന് മലയാളം വിക്കിപീഡിയ ഇന്ന് കാണുന്ന നിലയിലേക്ക് അതിന്റെ വളര്‍ച്ച ആരംഭിക്കുന്നത് 2004 ലാണ്. കമ്പ്യൂട്ടറിന് മലയാളവും വഴങ്ങുമെന്ന് പലരും അത്ഭുതത്തോടെ മനസിലാക്കി തുടങ്ങിയ കാലമായിരുന്നു അത്. ആ സമയത്ത് അമേരിക്കയിലെത്തിയ പത്രപ്രവര്‍ത്തകനായ മന്‍ജിത് കൈനിക്കര സജീവമായി ഇടപെട്ടു തുടങ്ങുന്നതോടെയാണ് മലയാളം വിക്കിപീഡിയയുടെ ചരിത്രത്തിലെ പുതിയ ഘട്ടം ആരംഭിക്കുന്നത്. മലയാളം വിക്കിപീഡിയയുടെ മുഖ്യതാള്‍ അണിയിച്ചൊരുക്കുന്നതിനും കൂടുതല്‍ പ്രവര്‍ത്തകരെ ആ സംരംഭത്തിലേക്ക് ആകര്‍ഷിക്കുന്നതിനും മന്‍ജിത് നടത്തിയ ശ്രമം ഒരു പരിധിവരെ വിജയിച്ചു. അന്ന് തുടങ്ങിയ മുന്നേറ്റം മലയാളം വിക്കി ഇപ്പോഴും തുടരുന്നു.
മലയാളം വിക്കിപീഡിയ വളര്‍ച്ചയുടെ പാതയിലാണെന്ന് പറയുമ്പോഴും, മറ്റൊരു വശം നമ്മള്‍ കാണാതിരുന്നുകൂടാ. മൂന്നുകോടിയിലേറെ ആളുകള്‍ സംസാരിക്കുന്ന ഭാഷയാണ് മലയാളം. ആ നിലയ്ക്ക് മലയാളം വിക്കിപീഡിയയില്‍ 110 സജീവാംഗങ്ങളേ ഉള്ളൂ എന്നത് അത്രയേറെ സന്തോഷിക്കാന്‍ വകനല്‍കുന്നില്ല. അത് ആയിരവും പതിനായിരവുമൊക്കെ ആകണമെന്ന് വിക്കിപ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നു. മലയാളം വിക്കിയിലേക്ക് സംഭാവന നടത്താന്‍ കേരളത്തിനുള്ളില്‍നിന്ന് തന്നെ കൂടുതല്‍ അംഗങ്ങളെത്തണം. അപ്പോഴേ, മലയാളം വിക്കിപീഡിയ അതിന്റെ യഥാര്‍ഥ സാധ്യതകളിലേക്ക് വളരൂ. (കടപ്പാട്: ഷിജു അലക്‌സ്, വിക്കിമീഡിയ ഫൗണ്ടേഷന്‍)