കുഞ്ചിത്തണ്ണി:മേല്‍ക്കൂരയില്‍ പടര്‍ന്നു പന്തലിച്ച വള്ളിച്ചെടിയില്‍ പൂക്കള്‍ വിടര്‍ന്നപ്പോള്‍ മേല്‍ക്കൂര ഒരു പൂക്കൂടാരമായി മാറി. 'ഗോള്‍ഡണ്‍ ഷവര്‍' എന്ന പേരിലറിയപ്പെടുന്ന ചെടിയാണ് കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ ഇരുട്ടുകാനം കവലയ്ക്ക് സമീപത്തുള്ള വീടിന്റെ മേല്‍ക്കൂരയില്‍ പൂക്കളുടെ വര്‍ണ്ണ വസന്തമൊരുക്കിയിട്ടുള്ളത്.
വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിലേക്ക് വാഹനങ്ങളില്‍ കടന്നുപോകുന്ന തദ്ദേശീയരും വിദേശീയരുമായ വിനോദ സഞ്ചാരികള്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട്ഈ പൂക്കളുടെ വിസ്മയക്കാഴ്ച ആസ്വദിക്കുവാന്‍ സമയം ചെലവിടുന്നത് പതിവാണിപ്പോള്‍. ''പൈറോസ്റ്റിയ വെലേസ്റ്റം'' എന്ന ശാസ്ത്ര നാമത്തിലറിയപ്പെടുന്ന ഈ ചെടിയുടെ പൂക്കള്‍ അടര്‍ന്നു വീഴാതെ രണ്ട് മാസം വരെ നിലനില്‍ക്കുമെന്ന് വനം വികസന കോര്‍പ്പറേഷന്റെ മൂന്നാറിലുള്ള പൂന്തോട്ടത്തിന്റെ ചുമതല വഹിക്കുന്ന രാധാകൃഷ്ണന്‍ പറഞ്ഞു. ഇതിന്റെ തൈകളും വനം വികസന കോര്‍പ്പറേഷന്റെ മൂന്നാറിലുള്ള നഴ്‌സറിയില്‍ ലഭ്യമാണ്.