15 മി. മീറ്റര്‍ മുതല്‍ 25 മി. മീറ്റര്‍ വരെ വ്യാസമുള്ള പി.വി.സി. പൈപ്പുകളാണ് വയറിങ്ങിന് ഉപയോഗിക്കേണ്ടത്. തേക്കാത്ത ചുവരുകള്‍ക്കും ഇന്റര്‍ലോക്ക് ഇഷ്ടിക ഉപയോഗിച്ച് പണിയുന്ന വീടുകള്‍ക്കും ചുവരിന് പുറത്തുകൂടിയാണ് വയറിങ്. അതിന് അര ഇഞ്ച് മുതല്‍ വലുപ്പത്തില്‍ പരന്ന രൂപത്തിലുള്ള പി.വി.സി. പൈപ്പുകളാണ് ഭംഗി.
1.5 സ്‌ക്വയര്‍ മി. മീറ്റര്‍ കട്ടിയുള്ളതാവണം സാധാരണ വയറിങ്ങിനുള്ള വയറുകള്‍. പവര്‍ പ്ലഗാണെങ്കില്‍ 2.5 സ്‌ക്വയര്‍ മി. മീറ്റര്‍. കൂടുതല്‍ ലോഡ് വേണ്ടിവരുന്ന എ.സി. പോലുള്ള ഉപകരണങ്ങള്‍ക്ക് നാല് സ്‌ക്വയര്‍ മി. മീറ്റര്‍ വയര്‍ വേണം. ഐ.എസ്.ഐ. മുദ്രയുള്ള സ്പാന്റഡ് കോപ്പര്‍ വയര്‍ ഉപയോഗിക്കുന്നതാണ് നല്ലത്.
വയറിങ് തുടങ്ങുന്നതിന് മുന്‍പുതന്നെ ഏതു സ്വിച്ചാണ് വാങ്ങാനുദ്ദേശിക്കുന്നതെന്ന് ഉറപ്പിക്കണം. അതിനനുസരിച്ചുള്ള സ്വിച്ച് ബോക്‌സുകള്‍ വേണം വാങ്ങാന്‍. തടികൊണ്ടുള്ള സ്വിച്ച് ബോക്‌സിനെക്കാള്‍ നല്ലത് ലോഹപ്പെട്ടികളാണ്. ഭിത്തിയിലെ ഈര്‍പ്പം കൂടിയാല്‍ മരപ്പെട്ടികള്‍ ചിതലരിച്ച് നശിക്കാന്‍ ഇടയുണ്ട്. ലോഹപ്പെട്ടിക്ക് തടി, പ്ലാസ്റ്റിക് പെട്ടികളെക്കാള്‍ 50 ശതമാനം വരെ വില കൂടുതലുണ്ട്. എങ്കിലും ഈ വിലക്കൂടുതല്‍ അതിന്റെ ഈടുമായി താരതമ്യം ചെയ്യുമ്പോള്‍ നഷ്ടമാകാന്‍ ഇടയില്ല.
ഭംഗി മോഡുലാര്‍ സ്വിച്ചുകള്‍ക്ക്
സാധാരണ പിയാനോ സ്വിച്ച് മുതല്‍ അത്യാധുനിക ഹോം ഓട്ടോമേഷന്‍ സിസ്റ്റം വരെ വിപണയില്‍ കിട്ടും. പിയാനോ സ്വിച്ചുകള്‍ക്ക് 13 മുതല്‍ 16 രൂപവരെ മാത്രമേ വിലയുള്ളൂ. പക്ഷേ, പിയാനോ സ്വിച്ചുകള്‍ക്ക് ഇന്ന് പ്രിയം കുറഞ്ഞു. മോഡുലാര്‍ സ്വിച്ചുകള്‍ക്കും സെമി മോഡുലാര്‍ സ്വിച്ചുകള്‍ക്കുമാണ് ഇന്ന് ആവശ്യക്കാര്‍ കൂടുതല്‍. മോഡുലാര്‍ സ്വിച്ച് ഒന്നിന് 50 രൂപയിലേറെ വിലയുണ്ട്. ഗുണനിലവാരം കൂടിയ മോഡുലാര്‍ സ്വിച്ചുകള്‍ ഇന്റീരിയറിന് ചേരുന്ന തരത്തില്‍ വ്യത്യസ്ത മോഡലുകളില്‍ ലഭിക്കും. ഐ.എസ്.ഐ. മാര്‍ക്കുള്ള റീപ്ലേസ്‌മെന്റ് വാറന്റി നല്‍കുന്ന സ്വിച്ചുകള്‍ വാങ്ങുന്നത് നന്നായിക്കും. കൂടുതല്‍ ഉപയോഗിക്കേണ്ടിവരുന്ന സ്വിച്ചുകള്‍, ഉദാഹരണമായി അടുക്കള, സ്വീകരണമുറി എന്നിവിടങ്ങളിലെ സ്വിച്ചുകള്‍ മോഡുലാര്‍ ആക്കി മറ്റിടങ്ങളില്‍ താരതമ്യേന വിലക്കുറവുള്ള സെമി മോഡുലാര്‍ വെക്കുന്നത് ചെലവ് കുറയ്ക്കാന്‍ സഹായിക്കും.
പോയിന്റ് നിര്‍ണയം പ്രധാനം
ഓരോ മുറിയിലും ലൈറ്റ്, പ്ലഗ്, ഫാന്‍, പവര്‍പ്ലഗ് പോയിന്റുകള്‍ നിര്‍ണയിക്കുന്നത് വയറിങ്ങിലെ പ്രധാന ഘട്ടമാണ്. സ്വീകരണ മുറിയില്‍ ട്യൂബിന്റെ പാശ്ചാത്തല വെളിച്ചത്തില്‍ കോര്‍ണര്‍ ലാമ്പുകളും ടേബിള്‍ ലാമ്പുകളും മനോഹരമായിരിക്കും. റൂഫിന് നടുവില്‍ തൂങ്ങിക്കിടക്കുന്ന ഷാന്‍ഡ് ലിയര്‍ ആയാലും നല്ല വെളിച്ചം കിട്ടും. സ്വീകരണ മുറിയില്‍ ലൈറ്റ് പോയിന്റുകള്‍ മൂന്നെണ്ണമെങ്കിലും കൊടുക്കാം. ഫാനിനും പ്ലഗിനും ഓരോ പോയിന്റും വെക്കാം.
ഊണ്‍മുറിയില്‍ താരതമ്യേന കുറഞ്ഞ വെളിച്ചം മതി. ഊണ്‍മേശയ്ക്ക് മുകളില്‍ ഒരു തൂക്കുവിളക്കോ പെന്‍ഡന്റ് വിളക്കോ ആവാം. സീലിങ് ഫാനില്‍ ഘടിപ്പിച്ചിട്ടുള്ള ടോപ്പ് ലൈറ്റായാലും മതി. ഊണ്‍ മുറിയില്‍ രണ്ട് ലൈറ്റ്, ഒരു ഫാന്‍, ഒരു പവര്‍ പ്ലഗ് പോയിന്റുകള്‍ നല്ലതാണ്. ഫ്രിഡ്ജിനുള്ളതാണ് പവര്‍പ്ലഗ്.
കിടപ്പുമുറിയില്‍ കടുത്ത വെളിച്ചം ഒഴിവാക്കുന്നതായിരിക്കും ഉചിതം. കോര്‍ണര്‍ ലാമ്പുകള്‍ പെന്റന്‍ഡ് ലാമ്പുകള്‍ എന്നിവ നന്നായിരിക്കും. അടുക്കള വയറിങ്ങില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം. അടുക്കളയില്‍ നല്ല വെളിച്ചം വേണം. പ്രത്യേകിച്ച് പാചകം ചെയ്യുന്ന സ്ഥലത്തും പാത്രം കഴുകുന്നിടത്തും. അടുക്കളയുടെ റൂഫിന് നടുവില്‍ ലൈറ്റ് വേണ്ട. താഴേക്ക് വെളിച്ചം വീഴുന്ന തരത്തില്‍ ചുമര്‍ ലൈറ്റുക (വാള്‍ ലൈറ്റ്)ളാണ് നല്ലത്. രണ്ട് ലൈറ്റ് പോയിന്റും ഒരു എക്‌സ്വോസ്റ്റ് ഫാന്‍ പോയിന്റും ഒരു പവര്‍ പ്ലഗ് പോയിന്റും ഇവിടെ വെക്കാം. മിക്‌സി, ഗ്രൈന്റര്‍, മൈക്രോവേവ് ഓവന്‍, വാട്ടര്‍ കൂളര്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ ഈ പവര്‍പ്ലഗ് ഉപയോഗിക്കാം.
വീടിന് ചുറ്റിലും നല്ല വെളിച്ചം വേണം. പ്രത്യേകിച്ച് മുന്‍വശത്ത്. ഇതിന് ഹാലൊജന്‍ സ്‌പോട്ട് ലൈറ്റുകളോ ടോപ് ലൈറ്റുകളോ ആണ് നല്ലത്. പുല്‍ത്തകിടിയും പൂന്തോട്ടവും ഭംഗിയാക്കാന്‍ ലൈറ്റ് ഫിക്ചറുകള്‍ വെക്കാം. ഗെയ്റ്റിന്റെ ഇരുവശവും കോമ്പൗണ്ട് ഭിത്തികളുടെ പില്ലറുകളിലും ലൈറ്റ് പോയിന്റുകള്‍ വേണം.
സുരക്ഷ
എല്ലാ പ്ലഗ് പോയിന്റുകളും നിര്‍ബന്ധമായും എര്‍ത്ത് ചെയ്യണം. എന്തെങ്കിലും കാരണംകൊണ്ട് എര്‍ത്ത് ലീക്കേജ് ഉണ്ടായാല്‍ വീട്ടിലെ വൈ
ദ്യുതി ഓട്ടോമാറ്റിക് ആയി വിഛേദിക്കാന്‍ എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കറുകള്‍ (ഇ.എല്‍.സി.ബി.) പിടിപ്പിക്കാം. വയറിങ് ചെയ്യുമ്പോള്‍ വീടിന്റെ ഓരോ ഭാഗവും ഓരോ സെക്ഷനായി ചെയ്യുന്നതാണ് നല്ലത്.
ഓരോ സെക്ഷനിലും മിനിയേച്ചര്‍ സര്‍ക്യൂട്ട് ബ്രേക്കര്‍ (എം.സി.ബി.) വെക്കണം. ഷോര്‍ട്ട് സര്‍ക്യൂട്ട്, ഓവര്‍ ലോഡ് എന്നിവ വന്നാല്‍ അതത് സര്‍ക്യൂട്ടിലെ എം.സി.ബി. താനേ ഓഫ് ആയിക്കൊള്ളും.
പുത്തന്‍ സംവിധാനങ്ങള്‍
മുറിയില്‍ ആളുകള്‍ പ്രവേശിക്കുമ്പോള്‍ തനിയെ ലൈറ്റുകള്‍ തെളിയുന്ന സംവിധാനം പുതിയ ട്രെന്‍ഡാണ്. ഒക്യുപെന്‍സി സ്വിച്ച് (അവസരത്തിനൊത്ത് പ്രവര്‍ത്തിക്കുന്ന സ്വിച്ച്) ഉപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. മുറികളില്‍ അനാവശ്യമായി ലൈറ്റ് തെളിഞ്ഞുകിടക്കുന്നത് ഇതുവഴി ഒഴിവാക്കാം. ചെലവ് 300500 രൂപ.
ഇപ്പോഴത്തെ അവസ്ഥയില്‍ 1000 മുതല്‍ 1200 സ്‌ക്വയര്‍ഫീറ്റ് വരെയുള്ള വീടിന്റെ വൈദ്യുതീകരണത്തിന് 30,000 രൂപയ്ക്ക് മേല്‍ ചെലവ് പ്രതീക്ഷിക്കാം. ലൈറ്റ് പോയിന്റുകളുടെ എണ്ണത്തിനനുസരിച്ചും തെരഞ്ഞെടുക്കുന്ന സാധനങ്ങളുടെ ബ്രാന്‍ഡ് അനുസരിച്ചും ഇതില്‍ ചെറിയ ഏറ്റക്കുറച്ചിലുകള്‍ വരാം. സാധാരണ ബള്‍ബുകളെക്കാള്‍ വിലക്കൂടുതല്‍ ഉണ്ടെങ്കിലും സി.എഫ്.എല്‍. ബള്‍ബുകള്‍ കൂടുതലായി ഉപയോഗിക്കുന്നത് ദീര്‍ഘകാലത്തേക്ക് ലാഭകരമായിരിക്കും.
സി.എഫ്.എല്‍. ബള്‍ബുകളുടെ ആയുസ്സ് സാധാരണ ബള്‍ബുകളെക്കാള്‍ പത്തിരട്ടിയിലേറെയാണ്. വാട്ട്‌സ് കുറവായതുകൊണ്ട് വൈദ്യുതി ചെലവിനത്തിലും സി.എഫ്.എല്‍. തന്നെയാണ് ലാഭം.