തിരുവനന്തപുരം: സര്‍ക്കാര്‍ നടപ്പിലാക്കുന്ന 'ക്ലീന്‍ ക്യാമ്പസ്, സേഫ് ക്യാമ്പസ്' പദ്ധതിയുടെ ഭാഗമായി ക്ലാസ്സ് കട്ടു ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പിടികുടാനുള്ള പരിശോധന കര്‍ശനമാക്കുന്നു. തിയേറ്ററുകള്‍, പാര്‍ക്കുകള്‍, ബിവറേജസുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ് സ്‌റ്റാന്‍ഡുകള്‍ തുടങ്ങിയ സ്‌ഥലങ്ങളില്‍ തുടര്‍ച്ചയായി പരിശോധന നടത്തി വിദ്യാര്‍ത്ഥികളെ പിടികൂടാനാണ് പോലീസിന്റെ ശ്രമം.
പിടികൂടുന്ന വിദ്യാര്‍ത്ഥികളെ മാനസികമായി പീഡിപ്പിക്കാതെ അധ്യാപകരെയോ രക്ഷിതാക്കളെയോ വിവരമറിയിക്കണമെന്നാണ് സര്‍ക്കാരില്‍ നിന്നുള്ള നിര്‍ദ്ദേശം. മമ്മൂട്ടിയാണ് പദ്ധതിയുടെ ബ്രാന്‍ഡ് അമ്പാസഡര്‍. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്.
ക്യാമ്പസുകളെ ലഹരി മുക്‌തമാക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതിയാണ് 'ക്ലീന്‍ ക്യാമ്പസ്, സേഫ് ക്യാമ്പസ്'. ആഭ്യന്തര-വിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്‌തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ലഹരിയ്‌ക്ക് എതിരായി ക്യാമ്പസുകളില്‍ ബോധവത്‌ക്കരണ പരിപാടികള്‍ നടപ്പാക്കും. പിടിഎ, സ്‌റ്റുഡന്‍ഡ് പോലീസ് കേഡറ്റ്, ത്രിതല പഞ്ചായത്ത് തുടങ്ങിയവയുടെ സേവനവും ഇതിനായി ഉപയോഗപ്പെടുത്തും.