|
വാഹനമോടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിച്ചാല്‍ പിഴ നല്‍കണമെന്ന കാര്യം നമുക്ക് അറിയാം. എന്നാല്‍, പൊതു നിരത്തിലൂടെ നടക്കുമ്പോള്‍ മൊബൈലില്‍ സന്ദേശമയക്കുന്നതും കുറ്റമായി കണക്കാക്കിയാലോ? കുഴങ്ങിയതു തന്നെ എന്നാവും ജീവിതത്തിന്റെ ഭാഗമായി മൊബൈലിനെ കാണുന്ന പലരും കരുതുന്നത്.
ന്യൂജഴ്‌സിയിലെ ഫോര്‍ട്ട്‌ലീ ടൗണിലാണ് പൊതു നിരത്തില്‍ മൊബൈല്‍ സന്ദേശമയച്ചുകൊണ്ട് നടക്കുന്നത് നിയമം മൂലം നിരോധിച്ചിരിക്കുന്നത്. നിയമം ലംഘിച്ച് സന്ദേശം അയക്കുന്നവര്‍ക്ക് 85 ഡോളറാണ് പിഴ. ഇത് സ്വാതന്ത്ര്യത്തിനു മേലുളള കടന്നുകയറ്റമാണ് എന്നൊക്കെ പറയാന്‍ വരട്ടെ. ഇതിനു കാരണം എന്തെന്ന് ആദ്യം അറിയൂ.
ഫോര്‍ട്ട്‌ലീയില്‍ ഈ വര്‍ഷം ഇതുവരെ, പരിസരം മറന്ന് മൊബൈല്‍ സന്ദേശം ടൈപ്പ് ചെയ്യുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ച് നടന്ന 20 കാല്‍നടക്കാരെയാണ് കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ഇത്തരത്തില്‍ മൊബെല്‍ സന്ദേശത്തില്‍ ശ്രദ്ധിച്ച് നടക്കുന്നവര്‍ റോഡ് നിയമങ്ങള്‍ക്ക് പുല്ലുവിലയാണ് നല്‍കുന്നത്. ഇവര്‍ പലപ്പോഴും അനുവാദമില്ലാത്ത സ്‌ഥലത്തുകൂടി റോഡ് മുറിച്ചുകടക്കുന്നതാണ് അപകടകാരണമാവുന്നത്. കാല്‍നടക്കാരുടെ മൊബൈല്‍ സന്ദേശം ഇത്രയേറെ അപകടം വരുത്തുന്നതിനാലാണ് അധികൃതര്‍ നിയമനടപടിക്ക് തുനിഞ്ഞത്.
|