
Photo :Grace Media Creations
കാലടി: വെട്ടുവഴിക്കടവിലെ കയങ്ങളില്‍ മുങ്ങിക്കിടന്നവരെ പൊക്കിയെടുക്കാന്‍ സ്റ്റീഫന് അധികനേരം വേണ്ടിവന്നില്ല. കയങ്ങളിലേക്ക് ഊളിയിട്ട് നീന്തിയ സ്റ്റീഫന്‍ മൂന്ന് മൃതദേഹങ്ങള്‍ പൊക്കിയെടുത്തു. മുങ്ങിയെടുത്ത ശരീരങ്ങളില്‍ ജീവന്റെ ഒരു തുടിപ്പ് കാണാനാകാഞ്ഞതിലെ നിരാശയായിരുന്നു ആ മുഖത്ത്.
രാവിലെ ദുഃഖവെള്ളി ആചരണത്തിന്റെ കാര്യങ്ങളുമായി വീട്ടില്‍ നില്‍ക്കുമ്പോഴാണ് പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് വിളിയെത്തുന്നത്. മറ്റെല്ലാം ഇട്ടെറിഞ്ഞ് ചേലാമറ്റത്തെ വീട്ടില്‍ നിന്ന് സ്റ്റീഫന്‍ സ്വന്തം ഇരുചക്രവാഹനത്തില്‍ പാഞ്ഞു. കടവിലെത്തി വെള്ളത്തിലേക്ക് കുതിച്ചു ചാടി. സ്റ്റീഫന്‍ എത്തുമ്പോള്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരില്‍ ചിലരും തിരച്ചില്‍ തുടങ്ങിയിരുന്നു. ഒരു മൃതദേഹം അവര്‍ കണ്ടെത്തിയിരുന്നു. അതിന്റെ പരിസരത്തു നിന്ന് തന്നെ സ്റ്റീഫന്‍ മറ്റു മൂന്ന് മൃതദേഹങ്ങളും പൊക്കിയെടുത്തു.
പെരിയാറില്‍ നിന്ന് ഇതിനകം 25 മൃതദേഹങ്ങള്‍ സ്റ്റീഫന്‍ മുങ്ങിയെടുത്തിട്ടുണ്ട്. ഒഴുക്കില്‍പ്പെട്ട രണ്ടു പേരുടെ ജീവനും രക്ഷിച്ചു. ഏറെ ദുര്‍ഘടം പിടിച്ച തിരച്ചിലുകളില്‍ പലപ്പോഴും പോലീസിനും ഫയര്‍ഫോഴ്‌സിനും ആശ്വാസം പകരുന്നത് സ്റ്റീഫന്റെ ഇടപെടലുകളാണ്. സ്വന്തം ജീവന്‍ പണയപ്പെടുത്തിയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിത്തിരിക്കുന്ന സ്റ്റീഫന് ഇതുവരെ അര്‍ഹമായ അംഗീകാരം ലഭിച്ചിട്ടില്ല. ഞെഴുങ്ങന്‍ കുടുംബാംഗമാണ് സ്റ്റീഫന്‍.