പൂക്കളങ്ങള്‍ ഓണാഘോഷങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഘടകമാണല്ലോ. പണ്ട് മുക്കുറ്റി, തുമ്പ, വിവിധ വര്‍ണങ്ങളിലുള്ള കാശിത്തുമ്പ, ചെമ്പരത്തി, ചെത്തി എന്നിവയാണ് പൂക്കളമിടാന്‍ ഉപയോഗിച്ചിരുന്നത്. തൊടിയിലും പറമ്പിലും കുട്ടികള്‍ നടന്ന് പൂ ശേഖരിക്കുന്ന രീതി ഇന്നില്ല. ഓണം അടുക്കുമ്പോഴേക്കും മുക്കിലും മൂലയിലും പൂക്കച്ചവടക്കാര്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടുന്ന പൂക്കിറ്റില്‍ കാണുന്ന പൂക്കള്‍ - ചെണ്ടുമല്ലി, വാടാര്‍മല്ലി, കോഴിവാലന്‍, ജമന്തി, അരളി തുടങ്ങിയവയാണ്. ഇതിലുള്ള പല പൂക്കളും നമ്മുടെ കാലാവസ്ഥയില്‍ കൃഷിചെയ്യാവുന്നവയാണ്. കുടുംബശ്രീ പോലുള്ള സംഘങ്ങള്‍ക്ക് വിപണിക്കനുസരിച്ച് വാണിജ്യാടിസ്ഥാനത്തില്‍ ഈ കൃഷി ഏറ്റെടുക്കാവുന്നതാണ്.
ഒരുക്കങ്ങള്‍
അത്തത്തിന് തലേന്നാള്‍ തൊട്ട് പൂക്കള്‍ വിപണിയില്‍ എത്തിത്തുടങ്ങേണ്ടതുമാണ്. ഇതിനായി ഏകദേശം 50-60 ദിവസം മുമ്പ് തൈകള്‍ നടണം. ഏകദേശം ഒരു മാസം പ്രായമായ തൈകളാണ് നടേണ്ടത്. തിരുവോണത്തിനായി ജൂലായ് ആദ്യവാരത്തോടെ തൈകള്‍ നടേണ്ടതാണ്. അതായത് ജൂണ്‍ ആദ്യം വിതച്ചാല്‍ മാത്രമേ ജൂലായ് ആദ്യവാരം തൈകള്‍ നടാന്‍ പാകമാവുകയുള്ളൂ.
മണ്ണും കാലാവസ്ഥയും
മിതോഷ്ണ കാലാവസ്ഥയാണ് പൂ ഉത്പാദനത്തിന് നല്ലത്. നല്ല നീര്‍വാര്‍ച്ചയുള്ള മണല്‍ കലര്‍ന്ന പശിമരാശി മണ്ണാണ് അനുയോജ്യം. ഓണക്കൃഷി മഴക്കാലം ആയതിനാല്‍ കനത്ത മഴയില്‍ ചെടികള്‍ വീണുപോകാതെ ശ്രദ്ധിക്കണം.
നടീല്‍ വസ്തുക്കള്‍
വിത്തുമുളപ്പിച്ച തൈകളാണ് സാധാരണ നടാന്‍ ഉപയോഗിക്കുന്നത്. പരപരാഗണ സ്വഭാവമുള്ളതിനാല്‍ വിത്തുപയോഗിച്ച് കൃഷിചെയ്യുമ്പോള്‍ പൂക്കളുടെ നിറത്തിന് ധാരാളം വൈവിധ്യങ്ങള്‍ കാണാം. ഇടകലര്‍ന്ന നിറത്തിലുള്ള പൂക്കളാണ് മിക്കവാറും കാണാറുള്ളത്. ചെണ്ടുമല്ലി ഇനങ്ങളില്‍ 6 മുതല്‍ 10 സെ.മീ. വരെ നീളമുള്ള ഇളംതണ്ടുകള്‍ വേരുപിടിപ്പിച്ചശേഷം നടാം.
ഇനങ്ങള്‍
ചെണ്ടുമല്ലിയില്‍ പ്രധാനമായും രണ്ടിനങ്ങള്‍ കാണാം. ആഫ്രിക്കന്‍ ചെണ്ടുമല്ലിയും ഫ്രഞ്ച് ചെണ്ടുമല്ലിയും. ഇതില്‍ ഓണക്കാല പൂകൃഷിക്ക് യോജിച്ചത് ആഫ്രിക്കന്‍ ചെണ്ടുമല്ലിയാണ്. ഇത് മഞ്ഞ, ഓറഞ്ച്, സ്വര്‍ണവര്‍ണം, വെള്ള എന്നീ നിറങ്ങളില്‍ കാണാം. ആഫ്രിക്കന്‍ ചെണ്ടുമല്ലിയില്‍ കട്ടിയുള്ള ഇതളുകള്‍ ഉള്ളതും ഉരുണ്ടതുമായ പൂക്കള്‍ ഉണ്ടാക്കുന്നു. ചെടികള്‍ക്ക് ഏകദേശം 2.5-3 അടി ഉയരംവരും. പൂക്കള്‍ മഞ്ഞ, ഓറഞ്ച്, സ്വര്‍ണവര്‍ണം, വെള്ള എന്നീ നിറങ്ങളില്‍ കണ്ടുവരുന്നു. നമ്മുടെ നാട്ടില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യാന്‍ അനുയോജ്യമായ ഇനമാണ് ഇത്. ഇതില്‍ ഗുണമേന്മയേറിയ ഇനങ്ങളാണ് പൂസ, ബസന്തി, ഗൈന്ത, പൂസ നാരംഗി ഗൈന്ത, ഗോള്‍ഡന്‍ യെല്ലോ, സണ്‍ ജയന്റ്, ഹണി കോമ്പ് തുടങ്ങിയവ.
ഫ്രഞ്ച് ചെണ്ടുമല്ലിക്ക് ഉയരം കുറവാണ്. ഒരടിമുതല്‍ ഒന്നര അടിവരെ ഉയരം മാത്രമേ കാണുകയുള്ളൂ. പൂക്കള്‍ക്ക് നീണ്ടതണ്ടായിരിക്കും. നല്ല കട്ടിയുള്ള അടുക്കുകളോടുകൂടിയ പൂക്കള്‍ ഉണ്ടാകും. ഒക്ടോബര്‍ ഫിബ്രവരി മാസങ്ങളിലാണ് കൂടുതല്‍ പൂക്കള്‍ ഉണ്ടാകുന്നത്. അതിനാല്‍ ഓണപൂക്കൃഷിക്ക് ഈ ഇനങ്ങള്‍ അനുയോജ്യമല്ല. ഗുണമേന്മയേറിയ ഇനങ്ങളാണ് നോട്ടി, ഹാര്‍മണി, സ്റ്റാര്‍ ഓഫ് ഇന്ത്യ തുടങ്ങിയവ.
തൈ ഉത്പാദനം
വിത്ത് നടാന്‍ ഉദ്ദേശിക്കുന്ന സ്ഥലം നന്നായി കിളച്ച് ഒരടി ഉയരത്തില്‍ തടങ്ങളെടുക്കുക. ഇതില്‍ മണലും ചാണകപ്പൊടി അല്ലെങ്കില്‍ കമ്പോസ്റ്റും ചേര്‍ത്ത് ഇളക്കി നിരപ്പാക്കിയശേഷം വിത്ത് നേര്‍മയായി പാകാം. ഒരു സെന്റ് സ്ഥലം കൃഷിചെയ്യാനായി ഏകദേശം രണ്ട് ഗ്രാം വിത്ത് വേണ്ടിവരും. ഈ പൂച്ചെടികളുടെയെല്ലാംതന്നെ വിത്ത് തീരേ ഭാരംകുറഞ്ഞതാണ്. വിത്ത് പാകിയശേഷം വളരെ കനംകുറച്ച് മണലോ കമ്പോസ്റ്റോ തൂവിക്കൊടുക്കാം. ചെറിയതോതിലുള്ള തൈ ഉത്പാദനത്തില്‍ ചട്ടിയിലോ ചാക്കിലോ വിത്ത് പാകാവുന്നതാണ്. 4-5 ദിവസത്തിനുള്ളില്‍ വിത്ത് മുളച്ചുതുടങ്ങും.
ശക്തിയായ മഴയല്‍ ചെറിയ തൈകള്‍ ഒടിഞ്ഞുപോകാന്‍ സാധ്യതയുണ്ട്. വാണിജ്യാടിസ്ഥാനത്തിലുള്ള തൈ ഉത്പാദനമാണെങ്കില്‍ മഴമറ പോലുള്ള ചെലവുകുറഞ്ഞ പോളിഹൗസുകളില്‍ തൈ ഉത്പാദിപ്പിക്കുന്നത് നന്നായിരിക്കും. അല്ലെങ്കില്‍ ചെറിയ പോളിഷീറ്റ് വലിച്ചുകെട്ടി മഴയില്‍നിന്ന് താത്കാലിക സംരക്ഷണം നല്‍കിയാലും മതി.
കൃഷിയിടം ഒരുക്കല്‍
ഒരു സെന്റ് സ്ഥലം കൃഷിചെയ്യാനായി ഏകദേശം 100 തൈകള്‍ വേണ്ടിവരും. സ്ഥലം നന്നായി കിളച്ച് കട്ടകള്‍ ഉടച്ചശേഷം ഒന്നര മുതല്‍ രണ്ട് അടിവരെ അകലത്തില്‍ ചാലുകള്‍ എടുക്കണം. ഒരു കൈക്കോട്ട് താഴ്ചയില്‍ എടുത്ത ചാലില്‍ മേല്‍മണ്ണും ചാണകമോ കമ്പോസ്റ്റോ അല്ലെങ്കില്‍ മറ്റ് ജൈവവളമോ ഇട്ട് തൂര്‍ത്തെടുക്കുക. ഈ ചാലുകളില്‍ വേണം.
ഒന്നരമുതല്‍ രണ്ട് അടിവരെ അകലത്തില്‍ തൈകള്‍ നടാന്‍. ഒന്നുരണ്ട് വളപ്രയോഗത്തോടുകൂടി ചാലുകള്‍ വരമ്പുകളായി മാറും. മണ്ണ് കൂട്ടിക്കൊടുത്ത് ചാലുകള്‍ വരമ്പുകളായി മാറുന്നതോടെ വെള്ളം കെട്ടിനില്ക്കുന്ന പ്രശ്‌നം ഉണ്ടാകുകയില്ല.
വളപ്രയോഗം
തുടക്കത്തില്‍ത്തന്നെ ചാലില്‍ ചാണകം അല്ലെങ്കില്‍ ജൈവവളങ്ങള്‍ ഇടേണ്ടതാണ്. ഒരു സെന്റിന് 8-10 കിലോ എന്നാണ് കണക്ക്. അതിനുശേഷം തൈകള്‍ പറിച്ചുവെക്കുക. 10 ദിവസം ഇടവിട്ട് മൂന്നോ നാലോ വളപ്രയോഗം നടത്തിയാല്‍ മതി. ശാസ്ത്രീയമായി ഒരു സെന്റിലേക്ക് മൂന്നുകിലോ വളം വേണ്ടിവരും. ഇത് നാലുതവണകളായി ഇട്ടുകൊടുക്കാം. ഇതില്‍ രണ്ട് കിലോഗ്രാം യൂറിയ, ഒരു കിലോഗ്രാം രാജ്‌ഫോസ്, 500 ഗ്രാം പൊട്ടാഷ് എന്നതോതില്‍ നല്‍കാം. അതല്ലെങ്കില്‍, 18:18:18 പോലുള്ള കോംപ്ലക്‌സ് വളങ്ങള്‍ നല്‍കാം. ഒരു ചെടിക്ക് കണക്കാക്കുകയാണെങ്കില്‍ ഒരു ചെറിയ സ്പൂണ്‍ യൂറിയയും അര ടീസ്പൂണ്‍ പൊട്ടാഷും എന്ന രിതിയില്‍ 3-4 തവണ 10 ദിവസം ഇടവിട്ട് ഇട്ടുകൊടുക്കാം.
ചെടികളുടെ പരിചരണം
പറിച്ചുനട്ട് 25-30 ദിവസം കഴിയുമ്പോള്‍ തലപ്പ് നുള്ളിക്കളയാം. ഇത് കൂടുതല്‍ ശിഖരങ്ങള്‍ ഉണ്ടാകാന്‍ സഹായിക്കും. ഓരോ ശിഖരത്തിലും പൂക്കള്‍ ലഭിക്കുകയും ചെയ്യും. മഴക്കാലമായതിനാല്‍ ചെടികള്‍ മറിഞ്ഞുവീണ് പൂക്കള്‍ നാശമാകാതിരിക്കാന്‍ ചെറിയ കമ്പുകള്‍ വെച്ച് താങ്ങ് കെട്ടിക്കൊടുക്കുന്നത് നല്ലതാണ്.
സാധാരണ കാര്യമായ രോഗങ്ങളും കീടങ്ങളും ഉണ്ടാകാറില്ല. എന്നിരുന്നാലും മഴക്കാലമായതിനാല്‍ അഴുകലിന് സാധ്യതയുണ്ട്. ഇതിന് നല്ല നീര്‍വാര്‍ച്ച ഉറപ്പാക്കിയാല്‍ മതി. ഈര്‍പ്പം കടഭാഗത്ത് തങ്ങിനില്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
വിളവെടുപ്പ്
തൈകള്‍ നട്ട് ഒന്നരമാസം കഴിയുമ്പോള്‍ ചെടികള്‍ പൂക്കാന്‍ തുടങ്ങും. അതിനുശേഷം 40 ദിവസംവരെ പൂക്കള്‍ ഉണ്ടായിക്കൊണ്ടിരിക്കും. ഒരു സെന്റില്‍നിന്ന് 20 മുതല്‍ 30 കിലോഗ്രാം വരെ പൂക്കള്‍ പ്രതീക്ഷിക്കാം. വിപണനം ഉറപ്പാക്കാമെങ്കില്‍ കൃത്യസമയത്ത് പൂ ഉണ്ടായിക്കിട്ടുന്നവിധത്തില്‍ ഈ കൃഷിയിലേക്ക് ഇറങ്ങിത്തിരിക്കാം. വിപണിയിലെ ആവശ്യം അറിഞ്ഞുമാത്രം പൂക്കള്‍ ഉത്പാദിപ്പിക്കണം.