വര്‍ഷം തോറും സൂര്യശോഭയുള്ള ആയിരക്കണക്കിനു സൂര്യകാന്തി പൂക്കളെ വിരിയിച്ചെടുക്കുന്നതിനുള്ള വരം ലഭിച്ച നാട്. തെന്മലയില്‍ നിന്ന് തെങ്കാശിക്കുള്ള ചുരമിറങ്ങുമ്പോള്‍ മനസില്‍ ആ നാടു മാത്രമായിരുന്നു.
ഉഗ്രകോപിയായ ദുര്‍വാസാവില്‍ നിന്നു വരംതേടി സൂര്യനെ സ്വീകരിച്ച് സൂര്യതേജസുള്ള കര്‍ണനെ മകനായി നേടിയ കുന്തിദേവീയെ പോലെ എന്തു സുകൃതമാണ് സുന്ദരപാണ്ഡ്യപുരത്തിനു ലഭിച്ചിരിക്കുക? എല്ലാ വര്‍ഷവും സൂര്യശോഭയുള്ള ആയിരക്കണക്കിനു സൂര്യകാന്തി പൂക്കളെ വിരിയിച്ചെടുക്കാനുള്ള വരം ലഭിച്ച നാട്. തെന്മലയില്‍ നിന്ന് അതിര്‍ത്തിവരകള്‍ താണ്ടി തെങ്കാശിക്കു ചുരമിറങ്ങുമ്പോള്‍ മനസില്‍ ആ നാടു മാത്രമായിരുന്നു. ക്യാമറകള്‍ക്കു വിരുന്നൊരുക്കി നനുത്ത കാറ്റിനൊപ്പം ആടിത്തിമിര്‍ക്കുന്ന മഞ്ഞപ്പൂക്കളും.
മണിരത്നത്തിനുവേണ്ടി സന്തോഷ്‌ശിവന്‍ തന്റെ ക്യാമറയിലൂടെ നോക്കിയപ്പോള്‍ ആ ഗ്രാമത്തെ എങ്ങനെയാവും കണ്ടിട്ടാവുക? മഞ്ഞ ചേലചുറ്റിയ തമിഴ് പെണ്ണിനെപ്പോലെയോ, അതോ നീല മേലങ്കി ചാര്‍ത്തിയ മാനത്തിനു കീഴെ മഞ്ഞ പ്രഭ വിടര്‍ത്തി നില്‍ക്കുന്ന ആയിരം സൂര്യന്‍മാരെപോലെയോ? ചോദ്യങ്ങള്‍ അവസാനിപ്പിച്ചുകൊണ്ട് ബസ് കിതച്ച് തെങ്കാശി സ്‌റ്റാന്‍ഡിലെത്തി.
ഇനി സുന്ദരപാണ്ഡ്യപുരത്തേക്ക്...
മണ്ഡപ ക്ഷേത്രത്തിനു ചുറ്റും കെട്ടി ഉയര്‍ന്ന നാടാണ് തെങ്കാശി. രാത്രി വൈകിയും പുലര്‍ച്ചെ നേരത്തെയും ഉണരുന്ന നാട്. സുന്ദരപാണ്ഡ്യപുരത്തേക്കുള്ള വഴി ചോദിച്ചപ്പോള്‍ കൂടിനിന്നവരില്‍ ആരോ നീല പെയിന്റടിച്ച, ഉച്ചത്തില്‍ തമിഴ്‌പാട്ടു കേള്‍ക്കുന്ന ബസ് കാണിച്ചു തന്നു. കൈയില്‍ വിസിലുമായെത്തിയ കണ്ടക്‌ടര്‍ ഏഴു രൂപയുടെ ടിക്കറ്റ് കീറി. സുന്ദരപാണ്ഡ്യപുരമെത്തുമ്പോള്‍ പറയണമെന്ന അപേക്ഷയ്‌ക്കുമുന്‍പില്‍ ഒരു തലകുലുക്കും. പറയാമെന്നോ പറയില്ലെന്നോ.. അതോ എത്തുമ്പോള്‍ അറിഞ്ഞോളുമെന്നോ.....എന്തായാലും ബസ് ഓടിയെത്തിയതു കാഴ്‌ചയുടെ പൂരത്തിലേക്കായിരുന്നു. തെങ്കാശി പട്ടണവും കഴിഞ്ഞ് സുന്ദര പാണ്ഡ്യപുരത്തേക്ക്......
കാഴ്‌ചയുടെ പൂരം
മഹാദേവക്ഷേത്രത്തിന്റെ തെക്കേ നട തുറക്കുന്നതോടെയാണ് തൃശൂര്‍ പുരത്തിന് തുടക്കം കുറിക്കുക. പിന്നെ കാഴ്‌ചയുടെ നിറക്കൂട്ടാണ്. മഠത്തില്‍ വരവും, ഇലഞ്ഞിത്തറമേളവും, മാനത്ത് വിരിയുന്ന മത്താപൂക്കളും, കുടമാറ്റവും. ഓരോന്നിനും അതിന്റെതായ വിശ്വാസവും സൗന്ദര്യവും. തെങ്കാശിയിലെ പാണ്ഡ്യ ക്ഷേത്രത്തിനു മുന്‍പില്‍ ബസ് നില്‍ക്കുമ്പോള്‍ ഞങ്ങളും ഇതേ അവസ്‌ഥയിലായിരുന്നു. പ്രകൃതി തരുന്ന സുന്ദര പൂരം കണ്ട് തുടങ്ങിയ അനുഭൂതിയില്‍ സഹയാത്രികനായ ഛായാഗ്രാഹകന്റെ ക്യാമറ കണ്ണടച്ചിട്ടില്ല. പൂപ്പാടങ്ങളുടെ ദേവലോകം.. ജമന്തി, അരളി...
അരികിലെ ചെറിയ കോവിലുകളില്‍ ഉറഞ്ഞു നില്‍ക്കുന്ന ദേവി കൈകൂപ്പി നില്‍ക്കുന്ന ഭക്‌തരോട് നല്ല കാലത്തിന്റെ വരവറിയിക്കുന്നു. അട്ടഹസിച്ചുകൊണ്ട് തലയില്‍ പൂക്കള്‍ ഏറ്റു വാങ്ങി. അവര്‍ പൂപ്പാടത്തിലേക്കിറങ്ങുന്നു. തെങ്കാശിയില്‍ നിന്ന് ഏഴു കിലോമീറ്റര്‍ ആണ് സുന്ദരപാണ്ഡ്യ പുരത്തേക്ക്.
ഒരു ചെറിയ ബസ് സ്‌റ്റാന്‍ഡ്. രണ്ടു ചായക്കട. ഇതാണ് സുന്ദരപാണ്ഡ്യപുരം. മണിരത്നം തന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ റോജയ്‌ക്കായി ലൊക്കേഷന്‍ അന്വേഷിച്ച് മടുത്ത് അവസാനം വന്നിറങ്ങിയത് ഈ ബസ് സ്‌റ്റാന്‍ഡിലാണ്. ഇവിടെ നിന്നാണ് സൂര്യകാന്തികള്‍ സന്തോഷ് ശിവന്റെ ഫ്രെയിമില്‍ പതിഞ്ഞത്. റഹ്‌മാന്റെ സംഗീതത്തില്‍ മിന്‍മിനിയുടെ ശബ്‌ദത്തില്‍ ചിന്ന ചിന്ന ആശൈ പാടിക്കൊണ്ട് മധുബാല ആടിത്തിമിര്‍ത്തത് ഇവിടെത്തന്നെ.പിന്നെ ഇവിടം സിനിമാക്കാരുടെ ഇഷ്‌ട ലൊക്കേഷനായി..
ബസ് സ്‌റ്റാന്‍ഡില്‍ ആദ്യം കണ്ട കടയില്‍ നിന്നു ഒരു ചൂടന്‍ ചായ. കൈയില്‍ ക്യാമറയുമായി അപരിചിതരെ കണ്ടതുകൊണ്ടാവാം, ഓട്ടോറിക്ഷക്കാരനായ കണ്ണന്‍ അടുത്തേക്ക് വന്നു. മലയാളികള്‍ ആെണന്നറിഞ്ഞപ്പോള്‍ പെറുക്കിയെടുത്ത മലയാളത്തില്‍ ചോദ്യം സൂര്യകാന്തി കാണാനാണോ? അതേ എന്നു പറഞ്ഞപ്പോള്‍ സഹായിയായ ലക്ഷ്‌മണനെയും കൂട്ടി തന്റെ ഓട്ടോയില്‍ എത്തി.
സൂര്യശോഭയില്‍...
മഞ്ഞപെയിന്റടിച്ച ഓട്ടോറിക്ഷയില്‍ ഇരുന്ന് കണ്ണനും ലക്ഷ്‌മണനും ഒരു നാടിന്റെ ചരിത്രം പറഞ്ഞു. പൂവാണ് ഞങ്ങള്‍ക്കെല്ലാം. ജീവിതം തന്നെ. പൂപ്പാടങ്ങള്‍ക്കടുത്ത് കൃഷിയിറക്കും. പച്ചമുളകും, തക്കാളിയും. പടവലങ്ങായുമെല്ലാം. നെല്ല്, സവാള, കടല ഇതെല്ലാം വേറെ.
ഒരിക്കല്‍ ഒരു ലോറിയില്‍ െ്രെഡവറായി അതിര്‍ത്തികടന്ന് കേരളത്തില്‍ വന്നിട്ടുണ്ട,്‌കണ്ണന്‍. രണ്ടാഴ്‌ചയോളം താമസിച്ചു. അവിടെ നിന്ന് കിട്ടിയതാണ് മലയാളം. കണ്ണന്‍ തിരികെ പോന്ന അതിര്‍ത്തിയിലൂടെ പല ലോറികളും പിന്നീടും അതിര്‍ത്തി കടന്നു. അവയില്‍ പൂക്കളും, പച്ചക്കറികളും, കടലയും, വാഴയിലവരെയും അതിര്‍ത്തി കടന്നു കേരളത്തിലെത്തി.
നമുക്ക് ഓണമുണ്ണാനും പൂക്കളമിടാനും, കാഴ്‌ചവിരുന്നൊരുക്കാനും മണ്ണില്‍ വിയര്‍പ്പൊഴുക്കുന്ന ഒരു ജനതയുടെ നാട്. അവര്‍ പറഞ്ഞ സുന്ദരപാണ്ഡ്യപുരത്തിന്റെ ചരിത്രത്തിനു ഇങ്ങനെയുമൊരു അര്‍ഥമുണ്ടായിരുന്നു.
മഞ്ഞപ്രഭയില്‍..
ക്യാമറയ്‌ക്കു മുന്‍പില്‍ ആദ്യ വിരുന്നായി എത്തിയത് ജമന്തികളാണ്. ജമന്തിപൂക്കളുടെ സൗന്ദര്യ നുകര്‍ന്ന് സൂര്യകാന്തികളുടെ നടുവിലേക്ക്. മണിരത്നവും, ലാല്‍ ജോസുമൊക്കെ വിസ്‌മയിപ്പിച്ച ലൊക്കേഷനുകള്‍. കണ്ണിലെ ഫെയ്രിമില്‍ വിരിഞ്ഞ് നില്‍ക്കുന്ന മഞ്ഞ പൂക്കള്‍.
ഇലഞ്ഞിത്തറ മേളത്തിന്റെ കൊട്ടികയറ്റം പോലെ കാഴ്‌ചയുടെ വിസ്‌മയം ചുറ്റും നിറഞ്ഞു. ആവേശം യാത്രയുടെ ക്ഷീണവും വിശപ്പുമകറ്റി. അവിടെ സൂര്യകാന്തികള്‍ക്ക് നടുവില്‍ ഒരു മുത്തശ്ശിയെ കണ്ടു. പൂക്കള്‍ക്കിടയില്‍ നിറഞ്ഞ കളയെടുക്കാന്‍ എത്തിയതാണ്. പേര് ചോദിച്ചപ്പോള്‍ പറഞ്ഞു സുരണ്ട. ഫോട്ടോയെടുക്കണമെന്ന് പറഞ്ഞപ്പോള്‍ പൂക്കളെ വെല്ലുന്ന ചിരിയുമായി ക്യാമറയുടെ മുന്‍പിലേക്ക്.
സൂര്യശോഭയ്‌ക്കു പിന്നില്‍...
മറ്റു പൂക്കളെ പോലെ സൂര്യകാന്തി പറിച്ചെടുക്കുമ്പോള്‍ കര്‍ഷകന്റെ ഉള്ളു വേദനിക്കാറില്ല. കാരണം, എല്ലാവര്‍ക്കും സന്തോഷം നല്‍കി, ശോഭമങ്ങി ഇതള്‍ കൊഴിഞ്ഞ് ഉണങ്ങിക്കഴിഞ്ഞേ സൂര്യകാന്തി പൂവ് പറിക്കാറുള്ളു. ഇത് ഉണങ്ങിയെടുത്ത ശേഷം എണ്ണയ്‌ക്കായി വില്‍ക്കുകയാണ് ചെയ്യുന്നത്.
ഓരോ പൂപ്പാടത്തിലും കൃഷിയിറക്കുന്നതിനുമുന്‍പും പൂപറിക്കുന്നതിനുമുന്‍പും ദൈവങ്ങളുടെ അനുവാദം തേടും. അവര്‍ കാവലിനുണ്ടാകും പൂക്കള്‍ കാറ്റും വെയിലും കൊണ്ടുപോകാതെ.