ആപ്പിളും സാംസങുമെല്ലാം യുദ്ധം ജയിച്ച് സിംഹാസനത്തില്‍ നിലയുറപ്പിച്ചതോടെ പഴയ പ്രതാപത്തിന്റെ നിഴലിലായിപ്പോയ പ്രമുഖ മൊബൈല്‍ കമ്പനിയായ നോക്കിയ നിലനില്‍പ്പ് ഭീഷണിയില്‍ സഹായം തേടുന്നതായി റിപ്പോര്‍ട്ട്. ഈ ആഴ്‌ച ഇന്റര്‍നെറ്റിലെ ചൂടന്‍ വിഷയമായി മാറിയിരിക്കുന്ന ഈ വാര്‍ത്തയില്‍ നോക്കിയയെ വാങ്ങാനായി ആധുനിക സാങ്കേതികവിദ്യ രംഗത്തെ മൂന്ന് പ്രമുഖര്‍ രംഗത്ത് എത്തിയിട്ടുണ്ടെന്നാണ് പുതിയതായി കേള്‍ക്കുന്നത്.
അടുത്ത കാലത്തായി വിപണിയില്‍ കാര്യമായി നേട്ടം ഉണ്ടാക്കാന്‍ കഴിയുന്നില്ല എന്നതാണ് നോക്കിയ നേരിടുന്ന പ്രധാന പ്രതിസന്ധി. ഹെല്‍സിങ്കി സ്‌റ്റോക്ക് എക്‌സ്ചേഞ്ചില്‍ തകര്‍പ്പന്‍ പ്രകടനം ഒരിക്കല്‍ നടത്തിയിരുന്ന നോക്കിയയ്‌ക്ക് രണ്ടു വര്‍ഷമായി തിരിച്ചടിയാണ്. 30 ശതമാനത്തിന് മുകളില്‍ വിപണി മൂല്യം ഇടിഞ്ഞ നോക്കിയയുടെ മൂല്യം കഴിഞ്ഞ ആഴ്‌ച അവസാനം 14.5 ബില്യണ്‍ ഡോളറിലേക്കാണ് വീണത്.
പിടിച്ചു നില്‍ക്കാന്‍ ചെറിയ ജീവശ്വാസം നേടാമെന്ന പ്രതീക്ഷയിലാണ് ഫിന്‍ലാന്‍ഡ് കമ്പനി വില്‍പ്പനയ്‌ക്ക് എന്ന ബോര്‍ഡ് തൂക്കിയിരിക്കുന്നത്. നോക്കിയയുടെ ഓഫര്‍ സ്വീകരിക്കാന്‍ നില്‍ക്കുന്നവരുടെ നിരയില്‍ യുഎസ് വമ്പന്‍മാരായ മൈക്രോസോഫ്‌റ്റ് വരെയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ നോക്കിയയുമായി മൈക്രോസോഫ്‌റ്റ് ചര്‍ച്ച നടത്തിയതായി വാള്‍ സ്‌ട്രീറ്റ് ജര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. അതുപോലെ നോക്കിയയുടെ ശത്രുക്കളില്‍ ഒന്നായ ചൈനീസ് കമ്പനി ഹുവാവിയും താല്‍പ്പര്യം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ടെലികോം ഉപകരണ നിര്‍മ്മാതാക്കളായ സിമെന്‍സുമായി നോക്കിയ ഏപ്രിലില്‍ കരാര്‍ ഉണ്ടാക്കിയതു മുതലാണ് നോക്കിയയുടെ വില്‍പ്പന സംബന്ധിച്ച ഊഹാപോഹങ്ങള്‍ പ്രചരിച്ചു തുടങ്ങിയത്.