കിനാവുകണ്ടതുപോലെ ഒടുക്കം മലബാറില്‍ നിന്നൊരു മൊഞ്ചത്തിപ്പെണ്ണിനെ ആസിഫ് അലി സ്വന്തമാക്കുകയാണ്. സമ എന്ന കണ്ണൂരുകാരി മൊഞ്ചത്തിയാണ് ആരാധികമാര്‍ക്ക് നിരാശ പകര്‍ന്നുകൊണ്ട് ആസിഫിനെ സ്വന്തമാക്കാനൊരുങ്ങുന്നത്. ഞായറാഴ്‌ച അങ്കമാലിയില്‍ വച്ച് ആസിഫും സമയും തമ്മിലുള്ള വിവാഹ നിശ്‌ചയം നടന്നു.
അങ്കമാലിയിലെ ഫ്‌ളോറ ഹോട്ടലില്‍ ഞായറാഴ്‌ച വൈകിട്ട് ഏഴിനായിരുന്നു വിവാഹ നിശ്‌ചയം. ആസിഫിന്റേയും സമയുടേയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് നിക്കാഹ്. കണ്ണൂര്‍ താണ മെഹസില്‍ എ.കെ.ടി. ആസാദിന്റേയും മുംതാസിന്റേയും ഏകമകളാണ് സമ. കോഴിക്കോട് പ്രോവിഡന്‍സ് കോളേജില്‍ ബി.ബി.എ. വിദ്യാര്‍ത്ഥിനിയാണ്. 'തട്ടത്തിന്‍ മറയത്തി'ലെ വിനോദ് ആയിഷയെ കണ്ടതുപോലെ ആസിഫ് സമയെ ആദ്യമായി കണ്ടതും ഒരു വിവാഹ വീട്ടില്‍ വച്ചാണ്. ആസിഫിന് പെണ്‍കുട്ടിയെ ഇഷ്‌ടപ്പെട്ടതോടെ വീട്ടുകാര്‍ തമ്മില്‍ ആലോചിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നു.
ഒരുപാട് പ്രണയഗോസിപ്പുകളിലെ നായകനായിട്ടുണ്ട് ആസിഫ്. അഭിനയിച്ച നായികമാരുടെയെല്ലാം പേരുകള്‍ ചേര്‍ത്ത് നിരവധി പ്രണയ കഥകള്‍ പ്രചരിച്ചു. പക്ഷേ വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമായിരിക്കും തന്റേതെന്നായിരുന്നു അന്നെല്ലാം ആസിഫിന്റെ പ്രതികരണം. അത് യാഥാര്‍ത്ഥ്യമാക്കിക്കൊണ്ടാണ് ഇപ്പോള്‍ ആസിഫ് വിവാഹിതനാകുന്നത്. തൊടുപുഴ മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. ഷൗക്കത്തലിയുടേയും മോളിയുടേയും മകനാണ് ആസിഫ്.
|